
പ്രഭാതത്തില്‍ സൂര്യകിരണം വിഗ്രഹത്തിന്റെ ശിരസ്സ് മുതല്‍ പാദംവരെ നിമിഷനേരം കൊണ്ട് പ്രകാശം ഇരച്ചിറങ്ങുന്നതു കാണാമെന്നു പലരും പറയാറുണ്ട് . പല ഭക്തന്മാരും കാത്തിരുന്നു ഇതു കണ്ടിട്ടുമുണ്ട്. വിഗ്രഹം കൃഷ്ണശില നിർമ്മിതമാണെങ്കിലും അതിന്റെ കാൽമുട്ടിന് താഴെ ചില ഭാഗങ്ങൾ നല്ല വൈരക്കല്ല് പതിച്ചതുപോലെ തിളങ്ങും. എന്നാല്‍, പ്രത്യേക കല്ലുകൾ അവിടെ പതിപ്പിച്ചിട്ടും. നിർമ്മാല്യം തൊഴാൻ വരുന്ന ഭക്തർക്ക് ഇത് കാണാൻ കഴിയും .
അത്ഭുതകരമായ കലാപാടവത്തോടു കൂടി സർവ്വലക്ഷണയുക്തമായി നിർമ്മിച്ചെടുത്ത വിഗ്രഹമാണിത്. ആ മുഖഭാവത്തിന്റെ വശ്യത അനന്യാദൃശ്യമാണ്. താരകാസുരവധം കഴിഞ്ഞുനില്‍ക്കുന്ന ഭാവനയിലാണു വിഗ്രഹനിര്‍മ്മിതിയും പ്രതിഷ്ഠയും. ശത്രുസംഹാരമായിരുന്നല്ലോ ഇതിന്റെ ഉദ്ദേശ്യവും, അതുകൊണ്ടു തന്നെ ഭഗവാന്റെ ദിവ്യായുധമായ വേല്‍ തിരിച്ചു നിലത്തൂന്നിപ്പിടിച്ചിരിക്കുകയാണ്. ഇങ്ങിനെയുള്ള ഒരു പ്രതിഷ്‌ഠ മറെറങ്ങുമുള്ളതായി അറിവില്ല.