

ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യമനുസരിച്ചു ക്ഷേത്രത്തിന് കിഴക്കുള്ള ഒരു ജനവാസ കേന്ദ്രമായിരുന്നു ഉമ്പിഴി ഗ്രാമം. കരിമറ്റത്തു ചിറ മുതൽ ആട്ടച്ചിറ വരെയുള്ള സ്ഥലമായിരുന്നു ഇത്. നിരവധി മലയാള ബ്രാഹ്മണർ ഇവിടെ താമസിച്ചിരുന്നു.അവർക്ക് അടുത്ത ഗ്രാമം ആയിരുന്ന പെരുന്നയിൽ ( പെരുന്നേയ് തൽ ) താമസിച്ചിരുന്ന സാത്വിക നമ്പൂതിരിമാരുടെ സമ്പത്തിലും ഐശ്വര്യത്തിലും അസൂയയും നീരസവും തോന്നിത്തുടങ്ങിയിരുന്നു .

ബ്രാഹ്മണ മേധാവിത്വം പടിപടിയായി വേരൂന്നിയ കാലഘട്ടം. സാത്വികരായ ബ്രാഹ്മണര്‍, തങ്ങളുടെ എണ്ണം കുറവായതിനാൽ അശക്തരായിരുന്നു. ശക്തരായവർ അശക്തരെ കീഴടക്കുക ലോക സത്യമാണല്ലോ. അത് തന്നെ ഇവിടെയും സംഭവിച്ചു. ശക്തമായ വിഭാഗം എല്ലാം സ്വന്തമാക്കി, ദുര്‍ബലര്‍ പ്രതിരോധത്തിനോ പോരാട്ടത്തിനോ തയ്യാറാകാതെ അടങ്ങി ജീവിച്ചു. അങ്ങനെ ഈ പ്രദേശത്തുള്ള ബ്രാഹ്മണർ രണ്ടു ചേരികളായി പിരിഞ്ഞു.

സാത്വികരായ നമ്പൂതിരിമാർ അവരുടെ ദൈനംദിന പൂജകൾക്കായി ശിവനെ പ്രതിഷ്ഠിച്ചു ഒരു ക്ഷേത്രം പണിതു . പൂജാവിധികളുടെ പ്രാധാന്യത്തിൽ ക്ഷേത്രം ദിവസേന വളർന്നു, കീഴക്കുളങ്ങര മഹാദേവക്ഷേത്രമായി പ്രസിദ്ധി നേടി. ആരാധകരുടെ എണ്ണവും ഐശ്വര്യവും വർധിച്ചതിൽ ഉമ്പിഴി ഗ്രാമക്കാർ അസൂയബാധിതരായി, അവരുടെ ക്ഷേത്രം എങ്ങിനേലും നശിപ്പിക്കേണം എന്ന ചിന്ത അവരിൽ വന്നു .

അവരുടെ ശക്തിയുടെ മൂലസ്രോതസായ ക്ഷേത്രത്തെ നശിപ്പിക്കുക പ്രധാന ലക്ഷ്യമായി കണ്ട ഉമ്പിഴി ഗ്രാമക്കാർ ഇതിന് വേണ്ടിയുള്ള പല ശ്രമങ്ങളും ആരംഭിച്ചു. ദീർഘനാളത്തെ ഈ ശ്രമങ്ങൾക്ക് ഒടുവിൽ ഫലപ്രദമായി, കീഴക്കുളങ്ങര ക്ഷേത്രം തീവെച്ചുനശിപ്പിക്കപ്പെട്ടു. എന്നാൽ, ദൈവവിഗ്രഹത്തെ മാത്രം നശിപ്പിക്കാൻ അവർക്കു സാധിച്ചില്ല.

പെരുന്ന ഗ്രാമവാസികളുടെ ഹൃദയം തകർന്ന ഒരു സംഭവമായിരുന്നത് ; അവരുടെ ആരാധനാലയം നശിച്ചിരിക്കുന്നു,തങ്ങളുടെ ആരാധനാമൂർത്തി നശിക്കപ്പെട്ടിരിക്കുന്നു . തീവ്ര ദുഃഖത്തിൽ അവർ ക്ഷേത്രവളപ്പിൽ പ്രാർത്ഥന നടത്തി. തങ്ങളുടെയും തങ്ങളുടെ ഗ്രാമത്തിന്റെയും ഇനിയുള്ള ഗതി എന്താകും എന്ന് ഓർത്തു അവരെല്ലാം ആകുലരായിരുന്നു. തങ്ങളെ കാക്കാൻ ഒരു ദേശനാഥൻ ഇല്ലാതായിരിക്കുന്നു .

അന്ന് രാത്രിയിൽ പെരുന്നയിലെ പ്രധാനപ്പെട്ട ഇല്ലങ്ങളിൽ ഒന്നായ ഇടമന ഇല്ലത്തെ പരമഭക്തനായ നമ്പൂതിരിക്കു വ്യത്യസ്തമായ ഒരു ആവേശം അനുഭവപ്പെട്ടു. ആരോടും ഒന്നും പറയാതെ, ആരും അറിയാതെ അദ്ദേഹം എങ്ങോട്ടോ യാത്രയായി. ഈ വാർത്തയറിഞ്ഞു അടുത്ത ദിവസം രാവിലെ ഗ്രാമം നടുങ്ങി. നാട്ടുകാർ കുറേ അന്വേഷിച്ചെങ്കിലും ഒരു തെളിവും കിട്ടിയില്ല.

ഉമ്പിഴി ഗ്രാമക്കാരിൽ പ്രമാണിയായ ഏഴാന്തിപ്പട്ടേരി (ഒരു മഹാമാന്ത്രികൻ), അദ്ദേഹമാണ് ഈ ദുഷ്കൃത്യത്തിനുപിന്നിൽ എന്ന് എല്ലാവരും വിശ്വസിച്ചു. ഇടമന നമ്പൂതിരി യാത്രയിലുടനീളം ലക്ഷ്യബോധമില്ലാതെ നടന്നുകൊണ്ടേ ഇരുന്നു . ഇടയ്ക്കുകാണുന്ന ഏതെങ്കിലും ക്ഷേത്രങ്ങളിൽ കയറും, അവിടെ നിന്നും ലഭിക്കുന്ന പ്രസാദം ഭക്ഷിക്കും, അന്തിയായാല്‍ അഭയവും ഏതെങ്കിലും ഒരു ക്ഷേത്രത്തിന്റെ കരിങ്കല്‍ത്തറയില്‍ തന്നെ. എന്നിരുന്നാലും ഒരുറച്ച വിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്, സംഹാരമൂര്‍ത്തിയായ മഹാദേവന്‍ തനിക്കു ഒരു വഴി കാട്ടി തരും എന്ന്. അദ്ദേഹം യാത്ര തുടര്‍ന്നു, ദീര്‍ഘമായ യാത്ര………!
നടന്നു നടന്നു എങ്ങിനെയോ ആ യാത്ര പഴനി മലയുടെ അടിവാരത്തിലെത്തി . പരിപാവനമായ ആ പ്രദേശം ദര്‍ശിച്ച മാത്രയില്‍ത്തന്നെ സ്ഥലകാലബോധമുണ്ടായി, അദ്ദേഹത്തിൻറെ ബുദ്ധി തെളിഞ്ഞു. ആ പുണ്യഭൂമിയിലെ തീർത്ഥജലത്തില്‍ മുങ്ങി കുളിച്ചു മലകയറി പഴനി ആണ്ടവന്റെ ദിവ്യവിഗ്രഹത്തിനു മുന്നില്‍ ചെന്നു സങ്കടമുണര്‍ത്തിച്ചും സാഷ്ടാംഗം നമസ്‌കാരം ചെയ്തും സർവശോകനാശകനായ ഭഗവാൻ മുരുകന്റെ കരുണാ കടാക്ഷത്തിനായപേക്ഷിച്ചു. അങ്ങനെഏതാനും നാളുകൾ ആ സന്നിധിയിൽ കഴിഞ്ഞു കൂടി.

ഒരുനാൾ ദീപാരാധന സമയത്തു ഭക്തിയിൽ ലയിച്ച ആ ഭക്തനു എന്തോ ഒരു വല്ലായ്മ അനുഭവപ്പെട്ടു, ക്ഷീണാധിക്യം കൊണ്ടു ഒന്നു കണ്ണടച്ചു. എത്രസമയം കഴിഞ്ഞു എന്ന് അറിയില്ല. ഞെട്ടി ഉണര്‍ന്നു ചുററുപാടും നോക്കി. കറുത്തിരുണ്ട അന്തരീക്ഷം മാത്രം. ഇരുട്ടിന്റെ കാഠിന്യം കൂടി വന്നു. ആ കണ്ണുകൾ പിന്നെയും അടഞ്ഞു. തന്റെ ഉള്ളംകണ്ണിൽ അദ്ദേഹം ഒരു ദിവ്യ രൂപത്തെ കണ്ടു . ഭസ്മാഭിഷിക്തമായ തിരുവുടൽ, ദിവ്യായുധമായ വേല്‍, രുദ്രാക്ഷമാലയോട് കൂടിയ മാറിടം, കോടി സൂര്യപ്രഭയോടുകൂടിയ തിരുമുഖം. ആ ദിവ്യ രൂപം അദ്ദേഹത്തിനോടായി ചൊല്ലി.
“ഭക്താ നിൻറെ ഗ്രാമ രക്ഷക്കായി എന്റെ ഒരു ക്ഷേത്രം സ്ഥാപിക്കുന്നതു ഉത്തമമാണു. തെക്കു കൊടുന്തുറ ആറ്റിൽ എന്റെ ഒരു വിഗ്രഹം ജലാധിവാസം ചെയുന്നുണ്ട്. അത് എടുത്തു പ്രതിഷ്‌ഠിച്ചു വിധിപോലെ ആരാധിച്ചാല്‍ നിങ്ങളുടെ ആഗ്രഹം സാദ്ധ്യമാകും. ഇവിടെ വന്നു എന്നെ ആരാധിക്കുന്ന ഫലവും ലഭിക്കും.” ആ ശബ്‌ദം നിലച്ചു. നമ്പൂതിരി ആദ്യം അത്ഭുതസ്തബ്ധനായി ഇരുന്നു . കുറച്ചു നേരം കഴിഞ്ഞു സുബോധം വന്നപ്പോൾ സന്തോഷത്താൽ ആറാടി പഴനി മുരുകനെ ഉറക്കെ സ്തുതിച്ചു പോയി.

അടുത്ത പ്രഭാതം പൊട്ടി വിടർന്നപ്പോൾ ക്ഷേത്രത്തില്‍ നിന്നുതിർന്ന ശംഖുനാദം ആണ് അദ്ദേഹത്തെ ഉണർത്തിയത് . ക്ഷീണം എല്ലാം മാറ്റി പൂര്‍വ്വാധികം ഉഷാറായി, കുളിച്ചു ശുദ്ധനായി ദേവദര്‍ശനം നടത്തി, തിരുനടയിൽ സാഷ്ടാംഗപ്രണാമം ചെയ്ത്, ജന്മഗ്രാമത്തിലേക്കുള്ള മടക്കയാത്ര അതി വേഗമായിരുന്നു. ആത്മസംതൃപ്തി യാത്രാക്ലേശത്തെ അതിജീവിച്ചു. ആണ്ടവ കരുണയാല്‍ വിജയശ്രീലാളിതനായ അദ്ദേഹം മടക്കയാത്രയിൽ എല്ലാ ക്ഷേത്രങ്ങളിലും പ്രാർത്ഥിക്കാൻ മറന്നില്ല.

ഇടമന നമ്പൂതിരി തിരിച്ചെത്തി.സന്തോഷകരമായ ആ വാര്‍ത്ത നിമിഷങ്ങൾക്കകം പെരുന്ന ഗ്രാമം മുഴുവനറിഞ്ഞു. ആളുകൾ തടിച്ചുകൂടി. വളരെ ക്ഷീണിതനായിരുന്നെങ്കിലും അതിസന്തുഷ്ടനായിരുന്ന ആ ഭക്തൻ തനിക്കുണ്ടായ അനുഭവങ്ങളെല്ലാം അവരുമായി പങ്കുവച്ചു. കേട്ടവരെല്ലാം കൈ കൂപ്പി ഭഗവാന്റെ മായാവിലാസങ്ങളെ പ്രകീർത്തിച്ചു. ജനങ്ങൾ ഒത്തു കൂടി ഒറ്റ കെട്ടായി ആ തീരുമാനം എടുത്തു ,വിഗ്രഹം കണ്ടെടുക്കണം.

ഒരു കൂട്ടമാൾക്കാർ ആ സാഹസത്തിനു തയ്യാറായി. പത്തനംതിട്ട താലൂക്കില്‍, കൈപ്പട്ടൂറിനടുത്തു കൊടുന്തുറ എന്ന സ്ഥലം തേടി ഇടമന ഇല്ലത്തെ ഭക്തന്‍ നമ്പൂതിരിയും ഏതാനും നാട്ടുപ്രമാണിമാരും യാത്രയായി. പദയാത്ര കാടും മേടും കടന്നു നിശ്ചിതസ്ഥാനത്തെത്തി.

വിധി പ്രകാരം പൂജകൾ നടത്തി അച്ചൻകോവിലാറ്റിലെ കയത്തിൽ ഇടമന നമ്പൂതിരി തന്നെ ഇറങ്ങി.വിഗ്രഹത്തിനായി പല തവണ മുങ്ങി തപ്പി. അവസാനം അദ്ദേഹം പൊങ്ങിവന്നതു ഒരു വലിയ ശിലാവിഗ്രഹത്തോടുകൂടിയായിരുന്നു. പലരുടേയും സഹായത്തോടുകൂടി അതു കരയ്‌ക്കെത്തിച്ചു പരിശോധിച്ചു. വരദാഭയകരനായ ഭഗവാന്‍ സുബ്രഹ്മണ്യന്റെ സർവ്വലക്ഷണ സമ്പൂർണമായ ഒരു മനോഹര വിഗ്രഹം, അവരെല്ലാം സന്തോഷത്തിലാറാടി. വാർത്ത കാട്ടുതീപോലെ പടർന്നു . കേട്ടവര്‍ കേട്ടവര്‍ ഓടിക്കൂടി,കണ്ടവരെല്ലാം കൈകൂപ്പി വണങ്ങി. പ്രഥമപൂജകളെല്ലാം ചെയ്തു.

ഇനി അടുത്ത പടി വിഗ്രഹം പെരുന്നയിലേക്കു കൊണ്ടുപോകുക എന്നുള്ളതാണ്. അതിനുളള ശ്രമങ്ങളെല്ലാം തുടങ്ങി. വിഗ്രഹം ലഭിച്ച വാർത്തയറിഞ്ഞ പെരുന്ന ഗ്രാമക്കാര്‍ ക്ഷേത്ര നിർമ്മാണത്തിന് ഒരുക്കം തുടങ്ങിയിരുന്നു എന്നാൽ, അവർക്കു പല പരിമിതികളുമുണ്ടായിരുന്നു. ഒരു ക്ഷേത്രനിര്‍മ്മാണത്തിനു അനവധി കാര്യങ്ങൾ ശ്രദ്ധിക്കണം. വളരെ കുറച്ചു ദിവസം കൊണ്ടു അതെല്ലാം ചെയ്തുതീര്‍ക്കുകയെന്നത് ആരാലും സാദ്ധ്യമല്ല. ആളും അർഥവും അവസരവും ഒത്തുചേരണം, അതിനാൽ സാവകാശം വേണ്ടിവന്നു. ഈ വിവരം വിഗ്രഹ വാഹകരെ അറിയിച്ചു. അവർ അതീവ ജാഗ്രതയോടെ ശ്രീകോവിലിന്റെ പണി തുടങ്ങി.

ഇടമന നമ്പൂതിരിയും സംഘവും വിഗ്രഹം തിരുവല്ലയിലെ വേങ്ങല്‍ എന്നസ്ഥലത്തുവരെ എത്തിച്ചു . പെരുന്നയില്‍ ശ്രീകോവില്‍ നിർമാണം പൂർത്തിയായതിനുശേഷമേ വിഗ്രഹം കൊണ്ട് പോകാൻ പറ്റൂ എന്നുള്ളതിനാൽ വേങ്ങലിൽ ഒരു ബാലാലയം നിർമിച്ചു, വിഗ്രഹം അവിടെ താത്കാലികമായി പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു . നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണത്തോടുകൂടി നിത്യ പൂജക്ക് വേണ്ട ഏര്‍പ്പാടുകളും ചെയ്തു. അന്നു തിരുവല്ല ഉത്തമ ബ്രാഹ്മണരുടെ ഒരു ശക്തി കേന്ദ്രമായിരുന്നു . അതിനാൽ ഇക്കാര്യങ്ങൾ വളരെ വേഗത്തിൽത്തന്നെ നിര്‍വ്വഹിക്കുവാന്‍ സാധിച്ചു.

വേങ്ങലിൽ ഈ ബാലാലയ പ്രതിഷ്ഠ നടത്തിയ സ്ഥലത്തു ഇപ്പോൾ മനോഹരമായ ഒരു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉണ്ട് . കൊടുന്തുറ നിന്നും വിഗ്രഹം കൊണ്ടുവന്നപ്പോൾ ഭാവികാര്യങ്ങൾക്കു വേണ്ടി ചില ഏർപ്പാടുകൾ കൂടി ചെയ്യുവാന്‍ അന്നുപോയ ദീര്‍ഘവീക്ഷണ ചതുരരായ ബ്രാഹ്മണോത്തമന്മാർ മറന്നില്ല. ഉമ്പിഴി ഗ്രാമത്തിന്റെ എതിര്‍പ്പും ശത്രുതയും അവർക്കു വേണ്ടുവോളം അറിയാം. ബ്രാഹ്മണ മേധാവിത്വം ഏറിയിരുന്ന കാലം. ഏതാനും അശക്തരായ ബ്രാഹ്‌മണരുടെ താല്പര്യസംരക്ഷണത്തിനുവേണ്ടി ഒരു വലിയ വിഭാഗത്തെ വെറുപ്പിക്കാൻ ബുദ്ധിയുള്ള അവർ ഒരുങ്ങിയില്ല. അതുകൊണ്ടു കൊടുന്തുറനിന്നും വിഗ്രഹം കൊണ്ടുവന്നു പ്രതിഷ്ഠിച്ചാലും ക്ഷേത്രസംബന്ധമായ മററു കാര്യങ്ങൾ കൂടി നടക്കേണമല്ലോ, അതിനാളില്ലാതെ വന്നാലോ എന്നീ കാര്യങ്ങളും പരിഗണിച്ചു. അതു അന്നത്തെ സാഹചര്യത്തില്‍ സംഭവിച്ചുകൂടായ്കയില്ല.
അന്നത്തെ ബ്രാഹ്മണോത്തമന്മാർ ഭാവി പ്രശ്നങ്ങൾ മനസ്സിലാക്കി, വിഗ്രഹംകൊണ്ടു പോരുമ്പോൾ വാര്യരെയും രണ്ടു മാരാന്മാരെയും , രണ്ടു നായന്മാരേയും , ഏതാനും കമ്മാളന്മാരേയും, വിശേഷാല്‍ ഒരു നസ്രാണിയെയും കൂട്ടിക്കൊണ്ടുവന്നു എന്നാണു പറയപ്പെടുന്നത്. പെരുംതൃക്കോവിൽ വാര്യരും, തോട്ടുപുറത്തു നായരും ആററുപുറത്തു നായരും, പ്ലാവേലി മാരാരും, കുത്തുകുലുങ്കല്‍ നസ്രാണിയും ഇങ്ങനെ കൊണ്ടുവരപ്പെട്ടവരാണു. ഇവിടെ കുത്തുകല്ലുങ്കല്‍കുടുംബക്കാര്‍ പെരുന്ന ക്ഷേത്രത്തില്‍നിന്നും ചില അവകാശങ്ങൾ ഈ അടുത്തകാലം വരെ വാങ്ങിക്കൊണ്ടിരുന്നു എന്നതു ഒരു വസ്തുതയാണ്. തികച്ചും സമുദായ സൗഹാർദ്ദത്തിന്റെ ഒരു വിശിഷ്‌ട മാതൃക.
വേങ്ങലിലെ ബാലാലയത്തിൽ നിന്നും സുബ്രഹ്മണ്യവിഗ്രഹം കൊണ്ടുവന്നതോടെ പെരുന്നയിൽ മനോഹരമായ ക്ഷേത്രം പണിതു. ഭക്തർ വീണ്ടുമവിടെ ആരാധന ആരംഭിച്ചു. ശത്രുസംഹാരമൂർത്തിയായ ഭഗവാൻ സുബ്രഹ്മണ്യനെ പെരുന്നയുടെ ദേശനാഥനായി ഭക്തജനങ്ങൾ സ്വീകരിച്ചു. ആദ്യ കാലത്തു ക്ഷേത്രത്തിനു ചെറിയ വട്ടശ്രീകോവിലായിരുന്നു. പിന്നീട്, കാലക്രമേണ ഭക്തരുടെ പ്രയത്‌നത്താലാണ് ഇന്നുള്ള മഹിമയിലേക്കു ഉയർന്നത്.